WHEN THE BIRD BECAME A WAVE

WHEN THE BIRD BECAME A WAVE

Documentary / 72′ / 2014

സംവിധാനം: എം.ആര്‍ രാജന്‍


പ്രശസ്ത ചലച്ചിത്രസംവിധായകനായ കുമാര്‍ സാഹ്നി ഓർമ്മയായി. അദ്ദേഹത്തെക്കുറിച്ച് പ്രശസ്ത ഡോക്കുമെന്ററി സംവിധായകൻ എം.ആർ രാജൻ സംവിധാനം ചെയ്തതാണീ ചിത്രം. ഒരു യാത്രാചിത്രമാണിത്.

കേരളത്തിലൂടെയുള്ള ഈ യാത്ര 2010 മുതല്‍ നാല് വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വി. ശശികുമാറിന്റെതാണ് തിരക്കഥ. വൈയക്തികവും വികാരപരവുമായ ഒരു ശൈലി പിന്തുടരുന്ന ഈ ചിത്രത്തില്‍ കുമാര്‍ സാഹ്നി, ചരിത്രം, സിനിമ, സംഗീതം, രംഗകലകള്‍, രാഷ്ട്രീയം, ദേശീയവും അന്തര്‍ദ്ദേശീയവുമായ പൌരാണിക വാണിജ്യ ബന്ധങ്ങള്‍, വിപണിയുടെ വളര്‍ച്ച, തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ദാര്‍ശനികമായ ചോദ്യങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും മനുഷ്യന്റെ അതിജീവനം പരിശോധിക്കപ്പെടുന്നു. സൈനിക വ്യവസായ ശ്രംഖലകള്‍ക്കെതിരെ ജ്ഞാനവും വ്യവസ്ഥിതിയുടെ തീട്ടൂരങ്ങള്‍ക്കെതിരെ സര്‍ഗ്ഗാത്മകതയും എന്ന നിലപാട് സംവാദവും ചര്‍ച്ചയുമായി അവതരിപ്പിക്കപ്പെടുന്നു.

‘മായാദര്‍പ്പണ്‍’, ‘തരംഗ്’, ‘ഖയാല്‍ ഗാഥ’, ‘കസ്ബ’, ‘ഭാവാന്തരന’, ‘ചാര്‍ അധ്യായ്’ തുടങ്ങിയ പതിനേഴ് ചിത്രങ്ങളുടെ സംവിധായകനായ കുമാര്‍ സാഹ്നി, പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാരചനയും സംവിധാനവും പഠിച്ചിറങ്ങിയ ശേഷം ഫ്രാന്‍സിലെ പ്രശസ്ത ചലച്ചിത്ര പഠനകേന്ദ്രമായ ഇഡ്ഹെക്കി-ല്‍ (IDHEC) ചേര്‍ന്ന്‍ ചലച്ചിത്ര പഠനം തുടര്‍ന്നു. പ്രശസ്ത ചലച്ചിത്രകാരനായ റോബര്‍ട്ട്‌ ബ്രസന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സാഹ്നിയുടെ അധ്യാപകരായിരുന്നു, ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്കും മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ ഡി.ഡി കോസംബിയും ഹോമിഭാഭ ഫെലോഷിപ്പ് ലഭിച്ചപ്പോള്‍ പഠന വിഷയമായി തെരഞ്ഞെടുത്തത് മഹാഭാരതം, ബുദ്ധിസ്റ്റ് ഐക്കണോഗ്രഫി, ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതം, ഭക്തി പ്രസ്ഥാനം എന്നിവയിലെ ഇതിഹാസ പാരമ്പര്യം (Epic Tradition) ആയിരുന്നു.

തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് തത്വചിന്തയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനവും പഠിച്ച എം.ആര്‍ രാജന്‍ സംവിധാനം ചെയ്ത കോട്ടക്കല്‍ ശിവരാമനെ കുറിച്ചുള്ള ‘മിനുക്ക്‌’, കീഴ്പ്പടം കുമാരന്‍ നായരെ കുറിച്ചുള്ള ‘നോട്ടം’, പ്രേമ്ജിയെ കുറിച്ചുള്ള ‘ഇതിഹാസത്തിന്‍റെ സ്പര്‍ശം’, എം.ആര്‍.ബിയെ കുറിച്ചുള്ള ‘ഉണര്‍വ്വിന്‍റെ കാലം’, അമ്മന്നൂര്‍ മാധവ ചാക്യാരെ കുറിച്ചുള്ള ‘പകര്‍ന്നാട്ടം’ എന്നീ ചിത്രങ്ങള്‍ക്ക് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. ശില്‍പ്പി രാജനെ കുറിച്ചുള്ള ‘ചെങ്കല്ലില്‍ ഒരു സങ്കീര്‍ത്തനത്തി’ന് മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. ചലച്ചിത്ര നിര്‍മ്മാതാവായ ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ‘സിനിമയുടെ കാല്‍പ്പാടുകള്‍’, നാടകപ്രവര്‍ത്തകനായ ടി.പി ഗോപാലനെ കുറിച്ചുള്ള ‘നാടകപ്പാത’, കേരളത്തിലെ ചലനചിത്ര പാരമ്പര്യത്തെ കുറിച്ചുള്ള ‘ഛായ’, ഡിപ്ലോമ ചിത്രമായ ‘ദൂരം’ എന്നിവയാണ് രാജന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

Leave a Comment
Previous PostWhen Looks Embody the Soul: Sitaram Yech...
Next PostWhere a Human Life is Cheaper than Cow D...